നിരീശ്വരൻ- വി ജെ. ജെയിംസ്
നിരീശ്വരൻ- വി ജെ. ജെയിംസ്
*****************************
മലയാള സാഹിത്യത്തിൽ ഭാവനയോടൊപ്പം യുക്തിയും ബുദ്ധിയും ഒരുപോലെ തന്മയത്വത്തോടെ ഉപയോഗിക്കുന്ന ഒരു വേറിട്ട ശൈലിയുടെ ഉടമയാണ് വി. ജെ. ജെയിംസ് എന്ന എഴുത്തുകാരൻ. ഇദ്ദേഹത്തെ വായിക്കുമ്പോൾ എവിടെയൊക്കെയോ ഒരു അപ്ഡേറ്റഡ് മലയാറ്റൂരിനെ കാണാൻ സാധിക്കുന്നുണ്ട്. ഗ്രാമങ്ങളിലെ ആത്മാവിനോട് ചേർന്ന് ജീവിതനുഭവങ്ങളിലൂടെ കഥ പറഞ്ഞു പോകുന്നുണ്ടെങ്കിലും തന്റെ അറിവും തൊഴിലിനോടുള്ള ആഭിമുഖ്യവും ഉള്ളിന്റെ ഉള്ളിൽ അടിയുറച്ച കറകളഞ്ഞ ദൈവവിശ്വാസവും എല്ലാം എഴുത്തുകളിൽ വ്യക്തമാകുന്നുണ്ട്.
കാര്യകാരണങ്ങളറിയാതെ എന്തിനെയും ഏതിനേയും അന്ധമായി വിശ്വസിക്കുന്ന വർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ ആണ് ഈ നിരീശ്വരൻ എന്ന നോവൽ. ഈശ്വര സങ്കൽപം രൂപപ്പെടുന്നതിനെക്കുറിച്ചും അത് മനുഷ്യനെ എങ്ങനെയാണ് മാറ്റിമറിക്കുന്നതെന്നുമുള്ള ഒരു അവലോകനമാണിത്. നിരീശ്വര സങ്കൽപ്പം തന്നെ ഒരു തരത്തിലുള്ള ഈശ്വര സങ്കൽപമായി മാറുന്ന കാഴ്‌ച. അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും വിടുതൽ നേടാനായി ആന്റണിയും ഭാസ്കരനും സഹീറും നടത്തുന്ന ശ്രമം നിരീശ്വരനെ ഈശ്വരനായി വളർത്തുന്ന സാമൂഹികതത്വം പറഞ്ഞുകൊണ്ട് ആധുനികാനന്തരസമൂഹത്തിന്റെയും സത്യാനന്തര സമൂഹത്തിന്റെയും പ്രവർത്തനങ്ങളെ പ്രവചിക്കുകയായിരുന്നു.
ദൈവത്വവാദത്തെയോ നിരീശ്വരവാദത്തെയോ താരതമ്യപ്പെടുത്താനോ ഒന്ന് മറ്റൊന്നിനുമേൽ സ്ഥാപിച്ചെടുക്കാനോ നോവലിസ്റ്റ് മുതിരുന്നില്ല. മലയാളിയുടെ അപൂർണതകളെ ഭാവനാത്മകമായി കൂട്ടിച്ചേർക്കുന്ന കലാശ്രമം. മലയാളി നിർമിക്കപ്പെട്ട നിത്യ വിചാരങ്ങളെ പതുക്കെ അഴിച്ചെടുത്ത് വായനക്കാർക്ക് മുന്നിൽ നീട്ടിപ്പിടിച്ച് വീണ്ടും ചരിത്രത്തിന്റെ ഉറയിലേക്ക് നിക്ഷേപിക്കുകയാണ് വി ജെ ജെയിംസ് എന്ന എഴുത്തുകാരൻ.
അവിശ്വാസികള്‍ സ്ഥാപിച്ച വിമതദൈവമായ നിരീശ്വരന്‍ ദേശത്തിലെ വ്യത്യസ്തരായ ആള്‍ക്കാരുടെ നിത്യജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരമേകിക്കൊണ്ട് ജനവിശ്വാസത്തിന്റെ അടിസ്ഥാനമായി മാറുന്നതും ഹിന്ദ്‌ക്കൾക്കും മുസ്ലീമുകൾക്കും ക്രിസ്ത്യാനിക്കും ഒരേപോലെ കടന്നു വരാവുന്ന ജാതിയുടെയും നിറത്തിന്റെയും പേരിൽ ആർക്കും ഭ്രഷ്ട് കല്പിക്കാത്ത നിരീശ്വരൻ സർവ്വജനസമ്മതനായി മാറുന്നു. പിന്നീട് ഈ നിരീശ്വരന്റെ സൃഷ്ടാക്കളെ പോലും അമ്പരപ്പിച്ചു കൊണ്ട് നാടിന്റെ വികസനത്തിനും ജനങ്ങളുടെ സങ്കടങ്ങൾക് ആശ്വാസമായി മാറുന്നതും തങ്ങൾ തന്നെ ഉണ്ടാക്കിയെടുത്ത ഈ നിരീശ്വരസങ്കല്പത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിൽ അവർ പിടിക്കപ്പെടുന്നതും തങ്ങൾ ഉണ്ടാക്കിയ നിരീശ്വരന്റെ തന്നെ മുന്നിൽ തങ്ങളുടെ തന്നെ രക്ഷക്കായി യാചിക്കേണ്ടി വരുകയും ചെയ്യുന്നിടത് നോവൽ അവസാനിക്കുന്നു.
ഗന്ധത്തെ പറ്റിയുള്ള ഗവേഷണം നടത്തുന്ന റോബർട്ട് എന്ന ശാസ്ത്രജ്ഞനും അവൻ തന്റെ ഗവേഷണത്തിന് സഹായമായി കൂടെ കൂട്ടുന്ന ജാനകി എന്ന നാടിന്റെ വേശ്യയും കുടുംബ ബന്ധങ്ങളുടെ ആർദ്രത വെളിപ്പെടുത്തി കിട്ടുന്ന ബാർബർ മണിയനും അന്നമ്മ ചേടത്തിയും ഇരുപത് വർഷത്തെ അബോധാവസ്ഥക്ക് ശേഷം തന്റെ യുവത്വത്തിന് കോട്ടം വരാതെ ബോധാവസ്ഥയിലേക്കു വരുന്ന ഇന്ദ്രജിത്തും ജീവിതം പോലും ഈശ്വരപൂജക്കായി ഉഴിഞ്ഞുവച്ച അമ്പലവാസി, ഈശ്വരൻ എംബ്രാന്തിരി പിന്നീട് തന്നെ രക്ഷിക്കാത്ത ദൈവത്തെ വിട്ട് ഈ നിരീശ്വരന്റെ ഉപാസകൻ ആയി മാറുന്ന കാഴ്ചയും വളരെ കൗതുകമുണർത്തുന്നതാണ്.
ഈശ്വരനും ആചാരങ്ങളും ഐതിഹ്യങ്ങളും അനുഷ്ഠാനങ്ങളും എന്നും സജീവമായ ചര്‍ച്ചാവിഷയമാണെങ്കിലും മറ്റെല്ലാകാലത്തിനേക്കാളും ആചാരങ്ങളും ആചാരലംഘനവും വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ കാലത്തിൽ സമത്വത്തിന്റെ ദൈവസങ്കല്പം വിളിച്ചോതുന്ന ഈ നിരീശ്വരന്‍ എന്ന നോവൽ സമൂഹത്തില്‍ പ്രത്യേകം ചര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്.
വി ജെ ജെയിംസിന്റെ എഴുത്തു ഒത്തിരി ഇഷ്ടമായത് കൊണ്ടാണ് വാങ്ങിച്ചതും വായിച്ചതും. കഥയിലെ ആശയം ഇഷ്ടമായി. പക്ഷേ മാനുഷിക ബുദ്ധിക് അതീതമായി പോകുന്ന ചില ചിന്തകളും അതിനുള്ള വിശദ്ദീകരണങ്ങളും വായനസുഖത്തെ സാരമായി ബാധിച്ചു എന്നു തന്നെ വേണം പറയാൻ. ചില ഭാഗങ്ങൾ സ്കിപ്പ് ചെയ്തു പോലും വായിക്കേണ്ടി വന്നു പ്രത്യേകിച്ചും രണ്ടാമത്തെ ഭാഗത്തിൽ....പക്ഷേ മലയാള സാഹിത്യത്തിന് ഒരു പുതിയ ചിന്തയും ശൈലിയും ഈ നോവൽ പരിചയപ്പെടുത്തുന്നുണ്ട് എന്നതിൽ ഒരു സംശയവുമില്ല. വെറുമൊരു നേരംപോക്കായി വായനയെ കാണാത്തവർക് ഈ നോവൽ തീർച്ചയായും ആസ്വാദ്യകരമായ ഒരനുഭവം തന്നെയായിരിക്കും.
🖋️ചങ്ങാതീ❣️
20/08/21'
Comments
Post a Comment